മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് തോപ്പ് സ്റ്റേഡിയത്തിലെ ഒരു പ്രഭാതം. നാട്ടുകാരായ ചെറുപ്പക്കാരുടെ ആവേശകരമായ ഫുട്ബോൾ കളിയാണ്. ഓരോ ടീമിലും പതിനഞ്ചും ഇരുപതും പേരാണു കളിക്കുന്നത്.
അവർക്കിടയിലേക്ക് ചുറുചുറുക്കോടെ അപരിചിതനായ ഒരാൾക്കൂടി കളിക്കാനിറങ്ങി. ടൈറ്റാനിയം ജോസ് എന്നറിയപ്പെടുന്ന എൻ.ജെ. ജോസായിരുന്നു അത്.
മിനിട്ടുകൾക്കകം ഗോൾവലയിലേക്കു ബുള്ളറ്റ് ഷോട്ടുകളുടെ പ്രവാഹമായിരുന്നു. ആരാടപ്പാ ഇവനെന്നു കൂടെ കളിച്ചവർ വാ പൊളിച്ചുപോയി!
ഇത്രയും കളിക്കാരുണ്ടായിട്ടും ആരെയും ഫൗൾ ചെയ്യാതെയുള്ള അയാളുടെ ഗോൾ പോസ്റ്റിലേക്കുള്ള കുതിച്ചുകയറ്റം അവരെയെല്ലാം അന്ധാളിപ്പിച്ചു.
ഒരേസമയം നാലും അഞ്ചുേപേരെ ഡ്രിബ്ലിംഗ് ചെയ്തായിരുന്നു ജോസിന്റെ കിക്കുകൾ. പലവട്ടം ഗോളിയെ കീഴ്പ്പെടുത്തിയശേഷം ജോസ് കളി നിർത്തി ഗാലറിയിൽ വിശ്രമിച്ചു. അപ്പോൾ അവിടെ കളികണ്ടുകൊണ്ടിരുന്ന ഏതാനും യുവാക്കൾ ജോസിനെ സമീപിച്ചു.
ഡാ ഗഡ്യേ, എന്തൂട്ടാ തന്റെ ഷോട്ട്! താൻ പൊരിച്ചൂട്ടാ. ഒരാറുമാസം കഷ്ടപ്പെട്ടാ തനിക്ക് സ്റ്റേറ്റ് ടീമിൽ കളിക്കാട്ടാ... യുവാക്കളുടെ ഉപദേശം തുടരുന്നതിനിടെ ജോസിനെ അറിയാവുന്ന ചിലർ അടുത്തെത്തി.
ടാ പിള്ളേരേ... ഇതാളുവേറ്യാട്ടാ, ജോസ്ന്ന് കേട്ട്ണ്ടാ, ടൈറ്റാനിയം ജോസ്. അപ്പോഴാണ് അവർക്ക് അബദ്ധം മനസിലായത്. അതോടെ എല്ലാവരും പൊട്ടിച്ചിരിയും സ്നേഹപ്രകടനങ്ങളുമായി.
ജോസ് കളിയൊക്കെ നിർത്തിയിരിക്കുന്ന കാലമായിരുന്നു. തിരുവനന്തപുരത്തുനിന്ന് തൃശൂർ ഫാത്തിമാനഗറിലുള്ള തറവാട്ടുവീട്ടിലേക്കു കുടുംബസമേതം വന്നതായിരുന്നു.
അപ്പോഴാണ് കുട്ടിക്കാലത്തെപ്പോലെ ഒരായാസത്തിനു തോപ്പ് സ്റ്റേഡിയത്തിൽ കളിക്കാനെത്തിയത്. നാല്പതു കഴിഞ്ഞിരുന്നെങ്കിലും ചെറുപ്പംവിടാത്ത രൂപമായിരുന്നു ജോസിന്റേത്.
ഒല്ലൂർ ഓറിയോൺസിന്റെ കളറിലാണു ജോസിന്റെ കളി ആളുകൾ ആദ്യം ക ണ്ടുതുടങ്ങിയത്. ആ വർഷം ജില്ലാ എ ഡിവിഷൻ ചാമ്പ്യന്മാരായിരുന്നു ഓറിയോൺസ്.
സ്ടൈക്കറായി ജോസും ഗോൾവല കാത്ത വിക്ടർ മഞ്ഞിലയും അന്നുമുതലേ തൃശൂരിലെ ഫുട്ബോൾ പ്രേമികളുടെ ആവേശമായി മാറിയിരുന്നു.
കേരള ഫുട്ബോളിൽ രണ്ടുപതിറ്റാണ്ടോളം നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു എൻ.ജെ. ജോസ്. 2001 ഫെബ്രുവരി ആറിനു 49-ാം വയസിൽ ഹൃദയാഘാതംമൂലം തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം.
തൃശൂർ നീലങ്കാവിൽ കുടുംബാഗമായ ജോസ് ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിലെ സീനിയർ അക്കൗണ്ട്സ് ഓഫീസറായിരുന്നു.
1972 മുതൽ 1983വരെ ടൈറ്റാനിയം ടീമിനെ നയിച്ചത് ജോസാണ്. അങ്ങിനെയാണ് ഫുട്ബോൾ പ്രേമികൾ ടൈറ്റാനിയം ജോസെന്നു വിളിച്ചത്. 1972ൽ സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിച്ചു.
1969ൽ ഗുവാഹത്തിയിൽ നടന്ന ജൂണിയർ നാഷണൽസിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ് 69 മുതൽ 71 വരെ കേരള സർവകലാശാലയെയും 71-72ൽ കോഴിക്കോട് സർവകലാശാലയേയും പ്രതിനിധീകരിച്ചു. 1972ൽ ഗോവയിൽ നടന്ന സന്തോഷ് ട്രോഫി മത്സരങ്ങളിലായി 11 ഗോളടിച്ച് ടോപ്പ് സ്കോററായി. 1974ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
പ്രതിരോധത്തിന്റെ ഏതുഗ്രൻ കോട്ടകളെയും തുരന്നുകടക്കാനുള്ള ഡ്രിബ്ലിംഗ് പാടവവും മിന്നൽപ്പിണർപോലെ വെട്ടിമാറുന്ന മെയ്വഴക്കവും എൻ.ജെ. ജോസിന്റെ പ്രതേ്യകതകളാണ്. ഏതു മാരക ട്രാക്ക്ളിംഗിനെയും അതിജീവിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ ജോസിനു കഴിവുണ്ടായിരുന്നു.
ചടുലമായ ചലനങ്ങളും ലക്ഷ്യം തെറ്റാത്ത കിക്കുകളുംകൊണ്ട് കളിക്കളത്തിൽ നിറഞ്ഞുനിന്ന ജോസ് എതിർ ടീമുകൾക്ക് പേടിസ്വപ്നമായിരുന്നു. അതേസമയം സൗമ്യമായ പെരുമാറ്റവും സംഭാഷണവും എല്ലാവർക്കും പ്രിയങ്കരനുമാക്കി.
ഗോൾ കീപ്പർമാരുടെ ദുഃസ്വപ്നമെന്നാണു അന്താരാഷ്ട്ര ഗോൾകീപ്പറായിരുന്ന വിക്ടർ മഞ്ഞില ഒരിക്കൽ എൻ.ജെ. ജോസിനെ വിശേഷിപ്പിച്ചത്. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ആ ടീമിൽ ഉൾപ്പെടാൻ കഴിയാത്തതായിരുന്നു ജോസിന്റെ ആത്മദുഃഖം.
കോച്ചിംഗ് ക്യാമ്പിൽ ഉണ്ടായിരുന്നെങ്കിലും ഒരുദിവസം പുറത്തുപോയിവരാൻ അൽപം വൈകിയതിനാൽ ജോസിനെ പുറത്താക്കുകയായിരുന്നു. ടേബിൾ ടെന്നീസ്, ഷട്ടിൽ തുടങ്ങിയവയിലും എൻ.ജെ. ജോസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പോൾവോൾട്ടായിരുന്നു മറ്റൊരിനം.
ഭാര്യ ഓമന കേരള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറായിരുന്നു. മകൻ എൻ.ജെ. ജോൺ അമേരിക്കയിലാണ്. മകള് സൗമ്യ വിനേഷ് ടൈറ്റാനിയത്തിൽ ജോലി ചെയ്യുന്നു.